വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

Welcome to all, those who loves literatures both Malayalam and English. Healthy appreciations and criticisms are highly appreciated. I believe that's the only way to improve a writer.

I never proclaim that I'm a best writer. Your valuable words are only my inspiration and instigation!

Hopefully....

വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

The above said is my own quote!
This is my own assessment about me.
To this hurtful world,
My hurt heart is
My success and foil!!
But I love it!
Have the best to all!
My sincere wishes....

Friday, September 23, 2011

ആ ഓണനാളില്‍



ഓരോണക്കാലത്താണ് വനിതാ തടവുകാരെപ്പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ വിഷ്ണു വിയ്യൂര്‍ ജയിലിലെത്തിയത്. മുകളില്‍നിന്നു അതിനുള്ള സഹായവും തരമാക്കിയിരുനു. പറഞ്ഞപോലെ അതാ.. പോലീസ് കോണ്‍സ്റ്റബിള്‍  റോയി അയാളെ സ്വീകരിക്കാന്‍ നില്‍പുണ്ട്. ഒരാമുഖം നടത്തിയശേഷം  അയാളോടൊപ്പം വിഷ്ണു തന്റെ  ചുമതലയിലേക്ക് നീങ്ങി.'വളരെ പാടുപെട്ടു കിട്ടിയ അവസരമാണ്. പത്തുപേരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. നന്നായി പ്രയോജനപ്പെടുത്തണം.' ജയില്‍ താന്‍ മനസ്സില്‍ കരുതിയപോലല്ലെന്നും ഓര്‍ത്തു അയാള്‍ . എങ്ങും പച്ചപ്പുണ്ട്‌. കൂടാതെ നല്ല വൃത്തിയും വെടിപ്പും. ഒരു കുളിര്‍മയും അയാള്‍ക്ക് അനുഭവപ്പെട്ടു. അടച്ചിട്ട സെല്ലിന്   മുന്നിലൂടെ നടക്കുകയായിരുന്നു അവര്‍. അധികവും  അനാശാസ്യത്തിന്  പിടിക്കപ്പെട്ടവര്‍ . മോഷണത്തിന് പിടിക്കപ്പെട്ടവര്‍ വേറെ വിഭാഗമായിരുന്നു. പിന്നെ കുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യക്ക് ശ്രമിച്ചവര്‍ , സ്വത്തു തര്‍ക്കത്തില്‍ ആങ്ങളയെ കൊന്നവള്‍ .. അങ്ങനെ കുറച്ചുപേരെ കണ്ടു. ചുരുങ്ങിയ സമയത്തില്‍ കുറച്ചുചോദ്യങ്ങളും ചോദിച്ചു. ചിലര്‍ വീറോടെ മറുപടി പറഞ്ഞു. വേറെ ചിലര്‍ മൂകമായിരുന്നു. 'തനിക്കുള്ളതായി.' അയാള്‍ മനസ്സില്‍ ചിന്തിച്ചു. റോയിയും കുറെ സഹായിച്ചു. അനുവദിച്ച സമയവും കഴിഞ്ഞു. ഇനി പോകാമെന്ന് ചിന്തിച്ചപ്പോഴാണ് മറ്റൊരു സെല്‍ കണ്ണില്‍പെട്ടത്‌. "അവിടെയാരാ?" അയാള്‍ ചോദിച്ചു.
"അത് ഒരു മഹിമ.  ഭര്‍ത്താവിനെ വെട്ടിക്കൊന്നതാ കെയ്സ്." റോയി മറുപടി പറഞ്ഞു. 
തനിക്കു തന്ന ലിസ്റ്റില്‍ അവരുടെ പേര് ഉണ്ടോന്നു നോക്കി. 'ഇല്ല ആ പേരില്ല.' "ആ പേരില്ലല്ലോ ഇതില്‍ ." വിഷ്ണു പറഞ്ഞു. അപ്പോള്‍ റോയി പറഞ്ഞു "സര്‍ 10 പേര് ചോദിച്ചു. അപ്പോള്‍ കിട്ടിയ 10 പേരെ ഞാന്‍ തന്നു. ഇവളില്ലെന്നു തോന്നുന്നു അതില്‍."
"തോന്നലല്ല, ഇല്ല." വിഷ്ണു പറഞ്ഞു. എന്നിട്ട് ചോദിച്ചു "അവര്‍ എന്തിനാ കൊന്നെന്ന് പറയാമോ?" 
ആ പോലീസുകാരന്റെ മുഖത്തപ്പോള്‍ ഒരു അനിഷ്ടഭാവം നിറഞ്ഞു. "അവനെന്തോ കള്ളിന്റെ പുറത്തു പറഞ്ഞു. ഇവളവനെ വെട്ടിക്കൊന്നു. സാര്‍ന്റെ കണക്കുപ്രകാരം 10 ആയി. ഇനി ഇവളെ വേണോ? ഇവളെപ്പോലുള്ളവരെ കല്ലെറിഞ്ഞു കൊല്ലാ് വേണ്ടത്."   റോയി ശൌര്യത്തോടെ പറഞ്ഞു.
"അത് സാരല്ല്യ. എന്തായാലും ഇത്രേടം വന്നതല്ലേ അവരേം കണ്ടേക്കാം." എന്നുംപറഞ്ഞ് വിഷ്ണു ആ സെല്ലിനടുത്തേക്ക് നീങ്ങി. 
വശത്തോട്ട് കാലുനീട്ടിയിരുന്ന്, കൈ രണ്ടും മടിയില്‍ പിണച്ചുവച്ച്, സെല്ലിന്റെ കമ്പിയഴിയില്‍ നെറ്റി മുട്ടിച്ച്, വിദൂരതയില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു അവര്‍. ഐശ്വര്യമുള്ള മുഖം. പക്ഷെ തീര്‍ത്തും നിരവികാരമായിരുന്നു ഭാവം. തങ്ങള്‍ വന്നത് അറിഞ്ഞേഇല്ലെന്നു തോന്നുന്നു. വിഷ്ണു ഒന്ന് മുരടനക്കി. പ്രതികരണമില്ല. ഒന്നുവിളിച്ചു 'ഹല്ലോ..' പെട്ടന്നവള്‍ മുഖമുയര്‍ത്തി.. പൊടുന്നനെ ചാടി എഴുന്നേറ്റു. ഒന്ന് ചിരിക്കാന്‍ ശ്രമിച്ചുവോ! ഓര്‍മയില്ല. വിഷ്ണു താന്‍ വന്നതിന്റെംമറ്റും കാരണങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കി. പിന്നെ ചോദിച്ചു.
"അറിഞ്ഞ കാര്യങ്ങള്‍ വീണ്ടും ചോദിക്കുന്നില്ല. പക്ഷെ വധിച്ചതിന്റെ കാരണം അറിയാന്‍ ആഗ്രഹമുണ്ട്. പറയാമോ?"
അവളുടെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. വിഷ്ണു വല്ലാതായി. റോയി പറഞ്ഞു..
 "ചെയ്തതില്‍ ഇപ്പൊ കുറ്റബോധം തോന്നീട്ട് വല്ല കാര്യോണ്ടോ! കരഞ്ഞുതീര്‍ക്ക്. വാ സാറേ നമുക്ക് പോകാം. അവള്‍ വാ തുറന്ന് സാറിനൊന്നും അറിയാന്‍ പറ്റില്ല. കരച്ചിലിലന്നെ അവള്‍ ആളെ വീഴ്ത്തിക്കളയും."  
വിഷ്ണു  പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല. കരച്ചിലിനിടയിലും ആ സ്ത്രീ എന്തോ എണ്ണിപ്പറക്കുന്നുണ്ടായിരുന്നെന്നു ശ്രദ്ധിച്ചു വിഷ്ണു. അവര്‍ നടന്നു തുടങ്ങിയപ്പോള്‍ തൊട്ടടുത്ത ഒരു സെല്ലില്‍ നിന്ന് വേറൊരു സ്ത്രീ വിളിച്ചു പറഞ്ഞു.
"സാറേ.. അതിന്റെ ഒരു ഭയങ്കര കഥയാ സാറേ, ഞാന്‍ പറയാം!"
"അതെ ഇനി നീ കഥ പറഞ്ഞിട്ട് സിനിമയെടുക്കാന്‍ പോവല്ലേ. ഒന്ന് മിണ്ടാണ്ട്‌കെടക്കെടീ." റോയി അത് പറഞ്ഞപ്പോഴേക്കും ആ സ്ത്രീ പെട്ടെന്ന് ചുണ്ട് കോട്ടി. 
"ഏയ്‌.. അത് കുഴപ്പോല്ല. നമുക്ക് കേള്‍ക്കാം." വിഷ്ണു താല്‍പര്യത്തോടെ ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. പിന്നാലെ റോയിയും. വല്ലാത്തൊരു ഭാവത്തില്‍ ആ സ്ത്രീ പറഞ്ഞ കഥ കേട്ട് അയാള്‍ നടുങ്ങിപ്പോയി! കൂടെ ആ പോലീസുകാരനും! 
"പാവാ സാറേ ആ പെങ്കൊച്ച്. അതിന്റെ കൊച്ചുങ്ങള്‍ക്ക്‌ ആരുല്ല സാറേ. അവളെ സാറിനു രക്ഷിയ്ക്കാന്‍ പറ്റ്വോ! പുണ്യം കിട്ടും സാറേ!" ആ സ്ത്രീ പിന്നേം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വിഷ്ണു രൂക്ഷമായി റോയിയെ നോക്കി വിമര്‍ശിച്ചു..  
 "ഇയാളൊക്കെ എവിടുത്തെ പോലീസുകാരനാ! താന്‍ നോക്കുന്ന ഈ ജയിലിലെ ഒരാളുടെ ശരിക്കുള്ള വിവരംപോലും അറിയാതെയാണോ താന്‍ ഇത്രേംനേരം പ്രസംഗിച്ചത്! കഷ്ടം!" 
അയാള്‍ക്ക്‌ ഒന്നും പറയാനുണ്ടായില്ല. വെറുതെ താഴോട്ടു നോക്കിനിന്നു. വിവര്‍ണമായിരുന്നു ആ മുഖം. വിഷ്ണു വേഗം മഹിമയുടെ സെല്ലിനടുത്തേക്ക് ചെന്നു. അപ്പോഴും കരയുകയായിരുന്നു അവര്‍. അയാള്‍ മെല്ലെ വിളിച്ചു
"സഹോദരീ.. കഥയൊക്കെ അറിഞ്ഞൂട്ടോ. വിഷമിക്കരുതെന്ന് പറയാനേ ഇപ്പൊ നിര്‍വാഹോള്ളൂ  . എന്തായാലും മുട്ടിത്തോടിലേക്ക് പോണുണ്ട് ഞാന്‍. ഈ അമ്മയെ കണ്ട വിവരം അറിയിക്കുന്നുണ്ട്  മക്കളെ!" 
വിടര്‍ന്നു ആ കണ്ണുകളും മുഖവും! കൈകൂപ്പി.. പിന്നേം വിതുമ്പിക്കരഞ്ഞു അവര്‍. വിഷ്ണു പിന്നെ അവിടെ നിന്നില്ല.

സന്ധ്യയായി വീട്ടിലെത്തിയപ്പോ. കാര്‍ പാര്‍ക്ക്ചെയ്ത് അത്തപ്പൂക്കളത്തെ  വലംവച്ച് വീടിനകത്തേക്ക് കേറിയപ്പോഴേ കേട്ടു അമ്മേടേം മോള്‍ടേം വര്‍ത്താനം. "ഈ മാവേലിത്തമ്പുരാന്‍ കല്യാണം കഴിച്ചിട്ടില്ല്യെ അമ്മേ?" "പിന്നേ.. എന്തേ കല്യാണം കഴിക്കാതെ!  വിന്ധ്യാവലി റാണിയായിര്ന്നില്ല്യെ തമ്പുരാന്റെ ഭാര്യ!" 
"ഹോ.. എന്തൊക്കെ കാര്യങ്ങളാ ന്റെ കുട്ടിയ്ക്കറിയെണ്ടേ ന്നു നോക്കൂ.."  അപ്പോഴാ അവര്‍ വിഷ്ണുനെ കാണുന്നതന്നെ. "അച്ഛേ" എന്നും  വിളിച്ചു ഓടിയടുത്തു മാളു. അവളെ വാരിയെടുത്തപ്പോഴേക്കും ശ്രദ്ധ അല്‍പം ശുണ്ഠിയോടെ പറഞ്ഞു. 
"ന്റെ വിഷ്ണേട്ടാ എന്തിനാ ആ മൊബൈല്‍ കയ്യില്‍? ദയവുചെയ്ത് അതെനി കൊണ്ടുപോകല്ലേ. ഇല്ല്യാച്ച, ബാക്കിള്ളോര്‍ക്ക് ഇല്ലെന്ന്പറഞ്ഞ് സമാധാനിയ്ക്കാലോ. ഇത് വെറുതെ.. ഞാന്‍ വിളിയോട് വിളിയന്നെ!"
 അപ്പോഴാണ്‌ അയാള്‍ മൊബൈല്‍ സ്വിച്ച്ഓഫ്‌ ആണെന്നത് ശ്രദ്ധിച്ചത്. പിന്നെ ഒരു പുഞ്ചിരിയോടെ പറഞ്ഞു
"ന്റെ ശ്രദ്ധക്കുട്ടീ. ഒന്ന് ക്ഷമിക്കെടോ താന്‍. ഇതിന്റെ ചാര്‍ജ് തീര്‍ന്നതല്ലേടോ!"
"അതെ ചാര്‍ജ്. അതെങ്ങനെയാ അതിന്റെ ബാറ്റെറിക്കും ഉണ്ടല്ലോ ഒരു കപ്പാസിറ്റി! ല്ല്യെ?" അവള്‍ കെറുവിച്ചു. 
മാളൂട്ടി അത് കേട്ടുചിരിച്ചു. "നീ ചിരിക്കണ്ട ന്റെ മാളൂട്ടിയമ്മേ.. അയാള്‍ അവളെ ഒന്നുംകൂടി നെഞ്ചോട്‌ ചേര്‍ത്തു. രാത്രി കിടക്കുമ്പോള്‍ ശ്രദ്ധ ചോദിച്ചു. "ന്തേ ഒരു മ്ലാനത? വന്നപ്പോതൊട്ട് ഞാന്‍ ശ്രദ്ധിക്ക്ണു.  ന്തേ ണ്ടായേ?"
തന്റെ ഭാര്യയോടു എല്ലാം തുറന്നു പറഞ്ഞപ്പോഴാ വിഷ്ണൂന് അല്‍പം ഒരു ആശ്വാസം തോന്നിയത്.
"വിഷ്ണേട്ടന് ഇനി കുറച്ചു നാളത്തേക്കുള്ളതായി." അവള്‍ പറഞ്ഞു. അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. 

സുമയുടെ ദുര്‍ബലമായ കരച്ചില്‍ കേട്ടുകൊണ്ടാണ് മഹിമ ബോധമണ്ഡലത്തിലേക്ക്‌വന്നത്. അടികിട്ടിയതിന്റെയാവാം തലയ്ക്ക് ഒരു പെരുപ്പുണ്ട്. അഴിഞ്ഞുലഞ്ഞ മുടി വേഗം കെട്ടിവച്ചു. എഴുന്നേറ്റപ്പോള്‍ ഒന്നുവേച്ചു. പിന്നെ നോക്കിയപ്പോള്‍ കണ്ടു മദ്യലഹരിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ആ മാംസപിണ്ഡത്തെ ! 'ഭര്‍ത്താവ്! ഇവനോ ഭര്‍ത്താവ്! ഇവന് വേണ്ടിയാണോ താന്‍ എല്ലാം ഇട്ടെറിഞ്ഞുപോന്നത്!' അവള്‍ക്കു തന്നോടുതന്നെ അവജ്ഞതോന്നി. പൊടുന്നനെ സ്ഥലകാലബോധം വീണ്ടെടുത്ത അവളുടെ ഒച്ച പുറത്ത്ചാടി. "അയ്യോ എന്റെ കുഞ്ഞ്! എന്റെ മോളെവിടെ!!" ആ മുറിയില്‍ നാലുപാടും നോക്കി അവള്‍. പ്രയാസപ്പെട്ട് സുമ പുറത്തേക്കു ആംഗ്യം കാണിക്കുന്ന കണ്ടു. അവള്‍ പിന്നെ ഓടുകയായിരുന്നു പുറത്തേക്ക്‌. പുറത്തെത്തിയപ്പോള്‍ അവളാ കാഴ്ച കണ്ടു! 'മഴയില്‍ കുതിര്‍ന്നൊട്ടി കമിഴ്ന്നു കിടക്കുന്ന ഒരുപെണ്‍കുട്ടിയെ!' 
"ഈശ്വരാ ന്റെ മോള്‍!" അവള്‍ ആ മഴയിലൂടെ ഓടി അവളുടെ അടുത്തെത്തി. ആ നേരിയ  വെട്ടത്തിലും മഴയിലൂടെ ഒലിച്ചിറങ്ങുന്ന ചോരകണ്ട് ആ അമ്മയുടെ നെഞ്ചുപിളര്‍ന്നുപോയി.
"പാറൂ.. അമ്മേടെ മുത്തെ.." അലറിക്കരഞ്ഞുകൊണ്ട് വേഗം ആ ശിരസ്സെടുത്ത്‌ തന്റെ മടിയില്‍വച്ചു അവള്‍ ആരുടേയും കരലളിയിക്കുന്നതായിരുന്നു ആ രംഗം! ആര്‍ത്തലച്ചു വീഴുന്ന തന്നെക്കാള്‍ ശക്തമാണ് ഒരമ്മയുടെ കണ്ണീര്‍ച്ചാലുകളെന്നു കണ്ടതുകൊണ്ടാവണം മഴയും ഒരു നിമിഷം പെയ്യാന്‍ മറന്നത്! ചേതനയറ്റ ആ ഉടലിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ എന്തോ.. മഹിമ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. പിന്നെ ആ കുഞ്ഞിനേയും കോരിയെടുത്തു അകത്തേക്ക് നടന്നു. കേറിയപാടെ അവിടെ താഴെക്കിടത്തി.  
"എന്റെ പൊന്നുമോള്‍ക്ക് തണുക്കില്ലേഡാ! അമ്മ ഇതൊക്കെ മാറ്റിത്തരാട്ടോ." അഴയില്‍ന്നു തോര്‍ത്തെടുത്ത് കുഞ്ഞിനെ തുവര്‍ത്തി. ചോരപുരണ്ട നനഞ്ഞ ഉടുപ്പൊക്കെ മാറ്റി വേറൊന്നു ധരിപ്പിച്ചു. പിന്നെ എടുത്ത് അവിടെയുള്ള ബെഞ്ചില്‍ കിടത്തി. "അമ്മേടെ മുത്ത്‌ ഇവിടെക്കിടന്നുറങ്ങിക്കൊട്ടോ. അമ്മ ഇപ്പൊ വരാം." അവള്‍ പിന്നെ നേരെ അടുക്കളയിലേക്കായിരുന്നു പോയത്. ചുറ്റുപാടും നോക്കി. അപ്പോഴാണ്‌ ആ കറിക്കത്തി കണ്ണില്‍പ്പെട്ടത്. 'ഇതുമതിയാകും!' അവള്‍ ചിന്തിച്ചു. പിന്നെ നേരെ ചെന്നു ഭര്‍ത്താവിന്റെ അടുത്തേക്ക്. അപ്പോഴും ഒന്നുമറിയാത്തപോലെ ഉറങ്ങുകയായിര്ന്നു അയാള്‍. അവള്‍ ആദ്യം കാണുന്നപോലെ നോക്കി അയാളെ! ഒരു പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തി ഒന്നുമറിയാത്തപോലെ കിടന്നുറങ്ങുന്നു! വികൃതമായ ഒരുചിരി അവളുടെ ചുണ്ടില്‍ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല.. ഒരു മിന്നായംപോലെ ആ കത്തി വായുവിലൂടെ ഉയര്‍ന്നുതാണു! ഒന്നല്ല.. പലവട്ടം!! "നിന്നെ ഞാന്‍ ഉറക്കാമെടാ.." എന്ന് പുലമ്പിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു‍! ചുടുചോര ചീറ്റി അവളുടെ മുഖത്തും വായിലെല്ലാമായി. എന്നിട്ടും അയാളുടെ അവസാനപ്പെടപ്പും നിലയ്ക്കുന്നവരെ അവള്‍ വെട്ടിക്കൊണ്ടിരുന്നു!   
"ആ.. ."ഒരാര്‍ത്തനാദം വിഷ്ണൂന്റെ തൊണ്ടയില്‍ കുരുങ്ങി! ഒരു ഞെട്ടലോടെ ഉണര്‍ന്നു! "ഹോ..!" അയാളാകെ വിയര്‍ത്തിരുന്നു! സ്വപ്നമാണെങ്കിലും താന്‍ ആ സംഭവം നേരില്‍ക്കണ്ടപോലെ തോന്നി അയാള്‍ക്ക്! ശ്രദ്ധയെ നോക്കി. ഒന്നുമറിയാതെ അവള്‍ തിരിഞ്ഞുകിടന്നു ഉറങ്ങുകയാണ്! അയാള്‍ക്ക്‌ പിന്നെ 
ഉറങ്ങാന്‍ പറ്റിയില്ല.              
    
നേരം വെളുത്തപ്പോഴേ വിഷ്ണു മുട്ടിത്തോടിലേക്ക് തിരിച്ചു. വഴിനീളെ അയാള്‍ മഹിമയെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. സമ്പന്നതറവാട്ടിലെ മഹിമ എന്ന പെണ്‍കുട്ടി കരാറ്പണിക്കെത്തിയ ജിത്തിനൊപ്പം ഒളിച്ചോടി മുട്ടിത്തോട്‌ എന്ന ഗ്രാമത്തില്‍ താമസമാക്കിയതുതൊട്ടുള്ള കഥകള്‍. കൂടെ ജിത്തിന്റെ അമ്മ സുമയും. ചെറുപ്രായത്തിലന്നെ അച്ഛന്‍ നഷ്ടപ്പെട്ട ജിത്തിന് പിന്നെ സുമയെ ഉണ്ടായിരുന്നുള്ളൂ.  മദ്യവും സ്ത്രീയും ദൌര്‍ബല്യമാക്കുന ഒരാളോടൊപ്പമാണ് താന്‍ ഇറങ്ങിതിരിച്ചതെന്നു മഹിമ മനസ്സിലാക്കിയപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു. അതിനിടയില്‍ അവര്‍ക്ക് 3 കുട്ടികളും പിറന്നു. അശനിപാതംപോലെ മൂത്തആണ്‍കുട്ടിയെ മൂന്നു വയസ്സില്‍വന്ന ഒരു ചുഴലി തളര്‍ത്തിക്കളഞ്ഞു. കൂനിമ്മേല്‍ കുരുവായി തളര്‍വാതംവന്നു സുമയും കിടപ്പിലായി! കുടുംബ പ്രാരാബ്ധങ്ങള്‍ തളര്‍ത്തിയെങ്കിലും എല്ലാം തന്റെ കര്‍മഫലമായി കരുതി ആരോടും പരിഭവമില്ലാതെ മഹിമയും! ആയിടയ്ക്കാണ് കടുംവേനലിലെ ചാറ്റല്‍മഴപോലെ മഹിമയ്ക്ക് അംഗന്‍വാടി ടീച്ചര്‍ ആയി ജോലി കിട്ടിയത്. അപ്രത്തെ വീട്ടിലെ വാടകക്കാരി തമിഴത്തിയുടെ നല്ല മനസ്സാണ് മഹിമയെ ജോലിയ്ക്ക്പോകാന്‍ സഹായിച്ചത്. കാരണം എപ്പോഴും അമ്മേടേം മോന്റെം അടുത്ത് ആള് വേണമല്ലോ. അങ്ങനെ എങ്ങനൊക്കെയോ ജീവിതം തള്ളിനീക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ തമിഴത്തിയുടെ മരണം. കെട്ടിടത്തിന്റെ വാര്‍ക്കപ്പണിയ്ക്ക് പോയപ്പോള്‍ കാല്‍തെറ്റി വീണായിരുന്നു അന്ത്യം! അപ്പോള്‍ ആരോരുമില്ലാത്ത തമിഴത്തിയുടെ മോള്‍ പാര്‍വതിയെ മഹിമ മകളാക്കുകയായിരുന്നു. ആ 10 വയസ്സുകാരിയുടെ കാര്യപ്രാപ്തി മഹിമയ്ക്ക് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്! പക്ഷെ വളരുന്ന ആ പെണ്‍കുഞ്ഞ് അവളിലൊരു നേരിപ്പോടും തീര്‍ത്തിരുന്നു! ഭയം സ്ഥാനത്തായപോലെ ഒരിക്കല്‍ അര്‍ദ്ധരാത്രി കുടിച്ചുവന്ന ജിത്ത്, ഉറങ്ങിക്കിടക്കുകയായിരുന്ന പാര്‍വതിയെ ആക്രമിക്കുകയായിരുന്നു! തടയാന്‍ചെന്ന മഹിമ, തലയ്ക്കുകിട്ടിയ ഒരടിയോടെ താഴെവീണു!
പെട്ടെന്ന് ഒരു horn  ശബ്ദമാണ് അയാളെ ചിന്തകളില്‍ന്നു ഉണര്‍ത്തിയത്. പലരോടും വഴിചോദിച്ച് ഉച്ചയ്ക്ക്മുന്നേ അവിടെയെത്തി അയാള്‍. വീട് കണ്ടുപിടിക്കാന്‍ ഏറെ പ്രയാസമൊന്നും അനുഭവപ്പെട്ടില്ല. നാട്ടുകാരുടെ വിവരണത്തില്‍ കേട്ടതിലും ഭീകരമാണ് കാര്യങ്ങളെന്ന് മനസ്സിലായി. ഒരു പഞ്ചായത്ത് മെമ്പറേം, വെറോരാളേം  സംഘടിപ്പിച്ച് ആ വീട്ടില്‍ ചെന്നപ്പോള്‍ ദയദീനമായിരുന്നു കാഴ്ചകള്‍! വീടെന്നു പറയാന്‍ വയ്യ. എത്താത്ത ചുമരുണ്ട്. പിന്നെ പാതി തുറന്നൊരു മേല്‍ക്കൂരയും! അതിനടിയില്‍ തീര്‍ത്തും അവശതയിലായ രണ്ട് ആത്മാക്കള്‍ ! സുമയ്ക്ക് അനങ്ങാന്‍പോലും വയ്യ. കിടന്നകിടപ്പില്‍ത്തന്നെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും!  വല്ലാത്തൊരു ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പിന്നെ കണ്ടത് അരയ്ക്കു താഴെ തളര്‍ന്ന 8 വയസ്സ് മതിയ്ക്കുന്ന ഒരാണ്‍കുട്ടി.  അവനും കിടക്കുകയാണ്. അരികത്തു ഒരു പലകവണ്ടിയും കണ്ടു. 
"എന്താ മോന്റെ പേര്?" അയാള്‍ വാത്സല്യത്തോടെ ആരാഞ്ഞു.
"സുശോഭ്!" ഒട്ടും വൈകാതെ മറുപടിയുംവന്നു. അപ്പോഴാണ് ഉള്ളില്‍ന്ന് രണ്ടുവയസ്സ് മതിയ്ക്കുന്ന ഒരാണ്‍കുട്ടിയെയും ഒക്കത്തുവച്ച് മുഷിഞ്ഞ സിമ്മീസിട്ട മറ്റൊരു ആറുവയസ്സുകാരി വന്നത്. ഭീതിയായിരുന്നു ആ മുഖം നിറയെ. പിന്നെ ആ മെമ്പറെ കണ്ടപ്പോ ഒന്നയഞ്ഞെന്നു തോന്നുന്നു. അമ്മയുടെ അതേ മുഖമാണ് മോള്‍ക്ക്‌. അയാളോര്‍ത്തു.
"മോള്‍ടെ പേരെന്താ?" വിഷ്ണു ചോദിച്ചു.
 "കീര്‍ത്തന." ഒന്ന് മടിച്ചെങ്കിലും ഉത്തരം വന്നു.
അപ്പോള്‍ ആ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു "ഈ മാമന്‍ മോള്‍ടെ അമ്മയെക്കുറിച്ച് പറയാന്‍ വന്നതാ." 
അപ്പോള്‍ അവള്‍ ചുമരിലേക്കു നോക്കി. അപ്പോള്‍ വിഷ്ണുവും അങ്ങോട്ട്‌ കണ്ണോടിച്ചു. അവിടെ ഫ്രെയിം ചെയ്തു വച്ച ഒരു കുടുംബചിത്രമുണ്ടായിരുന്നു. ജിത്തുവിന്റെ പടം കണ്ടപ്പോഴേ വിഷ്ണുവിനു തോന്നാതിരുന്നില്ല മഹിമ എങ്ങനെ അയാളെ പ്രണയിച്ചെന്ന്! കസേരയില്‍ ഇരിക്കുന്ന സുശോഭിനു സാമാന്യം തടിയുണ്ടായിര്ന്നല്ലോ എന്ന് ചിന്തിച്ചു. മഹിമയുടെ മടിയില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടിയെയും അടുത്ത് നില്‍ക്കുന്ന വേറൊരു പെണ്‍കുട്ടിയേയും കണ്ടു‍. നല്ല സുന്ദരിയായ ഒരുമോള്‍ ! തമിഴത്തി എന്ന്പറഞ്ഞപ്പോ അയാളുടെ മനസ്സില്‍ ഒരു  ചിത്രം ഉണ്ടായിരുന്നു. അത് തന്റെ വെറുമൊരു മുന്‍വിധിയാണെന്ന് അയാള്‍ക്ക് മനസ്സിലായി ‌"ഇതാണല്ലേ പാര്‍വതി?" അയാള്‍ കൂടുതലൊന്നും ചോദിക്കുന്നതിനു മുന്നേ കീര്‍ത്തനയുടെ വലിയ കണ്ണുകള്‍ നിറഞ്ഞൊഴുകി. 
 "കരയല്ലേ മോളെ... " വിഷ്ണു താന്‍ വാങ്ങിയ മിഠായികളും മറ്റു സാധനങ്ങളും നിരത്തി വീണ്ടും പറഞ്ഞു "കരയല്ലേ മോളെ.." ആ പിഞ്ചു ഹൃദയം അതൊന്നും കാണുന്നേ ഇല്ല! അതുകണ്ട് ആ രണ്ട് വയസ്സുകാരനും പിതുക്കിപിതുക്കി കരയാന്‍ ആരംഭിച്ചു. പിന്നീടത്‌ ഉച്ചത്തിലായി!
കൂടെവന്ന ആള്‍ ആ കുഞ്ഞിനെ എടുത്തു പുറത്തേക്കു പോയി. വിഷ്ണു പിന്നെ സുമയുടെ അടുത്തേക്ക് ചെന്നു. അവരും പതംപറഞ്ഞ്  കരയുകയായിരുന്നു!
"കുട്ടിക്കറിയോ...പാറു..പാറു . കൊന്നില്ലേ.. കൊന്നില്ലേ.. ആ കുഞ്ഞിനെ!!! എന്റെ വയറ്റില്‍ത്തന്നെ പിറന്നല്ലോ ആ കാട്ടാളന്‍! ഒരു ലേശം അനങ്ങാന്‍ പറ്റിയിര്ന്നെങ്കില്‍ എന്റെ മോളെ ഞാന്‍ ജയിലിലേക്കയക്കില്ലായിരുന്നു! അവനെ കൊന്നിട്ട് അഭിമാനത്തോടെ  ഞാന്‍ പോയേനെ! പാപിയാ ഞാന്‍ മഹാപാപി. "
വിഷ്ണൂന്  പിന്നെ അവിടെ നിക്കാന്‍ സാധിക്കുമായിരുന്നില്ല. നിര്‍ബന്ധപൂര്‍വം ആ സ്ത്രീയുടെ കയ്യില്‍ കുറച്ചു പണം വച്ചുകൊടുത്തു അയാള്‍.   പിന്നെ അവിടം വൃത്തിയാക്കാന്‍ ആ മെമ്പറേം കുറച്ചു പണം ഏല്‍പ്പിച്ചു. എന്തോ അയാള്‍ അത് വാങ്ങിയില്ല. 
"വേണ്ട സാറേ. ഞങ്ങള്‍ ചെയ്തോളാം. എവിടുന്നോവന്നു സാര്‍ ഈ സ്നേഹം കാണിക്കുമ്പോ ഞങ്ങളിത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെന്തു മനുഷ്യരാ  സാറേ ഞങ്ങളൊക്കെ!" അവരുടെ കണ്ണും നിറഞ്ഞിരുന്നു.

പോകുന്ന വഴിയില്‍ വിഷ്ണു ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. വല്ലാതെ കലുഷിതമായിരുന്നു അയാള്‍ടെ മനസ്സും. വീട്ടിലെത്തിയിട്ടും ആകെ ഒരു മൂകത തളംകെട്ടിനിന്നു. മകളെപ്പോലും ശ്രദ്ധിച്ചില്ല. പിന്നെ അയാള്‍ ഭാര്യയെ വിളിച്ചു. 
"എടോ താന്‍ ഇത്തവണ ഓണത്തിന് തന്റെ വീട്ടില്‍ പൊയ്ക്കൊളു. എനിയ്ക്ക് വേറെ ചില assignments ഉണ്ട്." .
ശ്രദ്ധ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ദിവസങ്ങള്‍ പറന്നു.ഉത്രാടത്തിന്റന്നും ശ്രദ്ധ പോകാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധിച്ചു അയാള്‍.
"ന്തേ താന്‍ പോണില്ല്യെ?"
"ഓണത്തിന്റന്ന് പോവാം. അത്ര ദൂരോന്നില്ല്യല്ലോ." ഒഴുക്കന്‍ മട്ടിലാണ് അവളതു പറഞ്ഞതെങ്കിലും പൊട്ടാന്‍ വെമ്പുന്ന ഒരഗ്നിപര്‍വതം അവളില്‍ കണ്ടു. അതുകൊണ്ടുതന്നെ കൂടുതലൊന്നും ചോദിച്ചില്ല.
ഓണത്തിന്റന്ന് അതിരാവിലെതന്നെ ശ്രദ്ധയും മകളും തയ്യാറായി. ഭാര്യയുടെ ശുഷ്കാന്തി കണ്ടു വിഷ്ണു അത്ഭുതപ്പെട്ടു. അല്ലെങ്കില്‍ ഒരിടത്ത് പോകാന്‍ ഒന്നൊരുങ്ങിയിറങ്ങാന്‍ എത്ര നേരമാ വേണ്ടേ! അയാളും പെട്ടെന്നന്നെ റെഡി ആയി പിന്നെ ശ്രദ്ധയെ നോക്കി പറഞ്ഞു.
"താന്‍ വരൂ തന്നെ റെയില്‍വേ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്യാം." അപ്പോഴാണ്‌ ശ്രദ്ധയുടെ കയ്യില്‍ രണ്ട് മൂന്നു പാക്കെറ്റുകള്‍ അയാള്‍ ശ്രദ്ധിച്ചത്. അച്ഛനുമമ്മയ്ക്കുള്ള ഓണക്കോടിയായിരിക്കും! തന്റെ തിരക്കില്‍ താനത് അന്വേഷിക്കാന്‍ വിട്ടല്ലോ എന്നാലോചിച്ചു. പിന്നീടൊന്നും ചോദിയ്ക്കാന്‍ നിന്നില്ല. വേഗം വണ്ടിയെടുത്തു അയാള്‍. 
"പോണവഴിയില്‍ ആ പൂക്കടയിലൊന്നു നിര്‍ത്തണേ." ശ്രദ്ധ പറഞ്ഞു. 
"ഉം" അയാള്‍ അലക്ഷ്യമായി മൂളി.  മാളു ഉറക്കം തൂങ്ങുകയായിരുന്നു. വഴിയോരത്തെ ആ പൂക്കടക്കുമുന്നില്‍ അയാള്‍ വണ്ടി നിര്‍ത്തി. ഇപ്പൊ വരാമെന്ന് പറഞ്ഞ്‌ ശ്രദ്ധ പോയി തിരിച്ചുവന്നപ്പോള്‍ അവളുടെ കയ്യില്‍ ഒരു flower monument അയാള്‍ ശ്രദ്ധിച്ചു. അത്ഭുതത്തോടെ ചോദിച്ചു
 "ഇതെന്തിനാ ഈ monument?"
"ആ കുട്ട്യേ അടക്കം ചെയ്തെടുത്ത്‌ വെയ്ക്കാന്‍" അലക്ഷ്യമായി അതവള്‍ പറഞ്ഞപ്പോള്‍ ഞെട്ടിയത് അയാളായിരുന്നു!!!
"ങ്ഹേ..!! ഏത് കുട്ടി?"  
മറുപടിയായി ശ്രദ്ധ ഒന്ന് മൂളി. "വിഷ്ണേട്ടന്‍ ന്താ എന്നെപ്പറ്റി കരുതിയെ? എന്റെ ഭര്‍ത്താവ് ആ വീട്ടില്‍ ഓണം കൂടുമ്പോ ഞാന്‍ ന്റെ വീട്ടില്‍പ്പോയി സുഖിക്കുംന്നോ? അങ്ങനെയാണോ ന്നെ മനസ്സിലാക്ക്യേ! ആണോ?" 
തീഷ്ണമായിരുന്നു ആ നോട്ടം, ഗഹനമായിരുന്നു ആ വാക്കുകള്‍ ! കുറ്റവാളിയെപ്പോലെ അയാള്‍ മുഖം കുനിച്ചു.
"സോറി മോളെ!" ഗദ്ഗദത്തില്‍ അയാള്‍ക്ക്‌ വാക്കുകള്‍ മുറിഞ്ഞുപോയി. അവള്‍ പെട്ടെന്ന് ആ മുഖം കയ്യിലെടുത്തു പറഞ്ഞു
"ഏയ്‌ .. വിഷമിക്കല്ലേ വിഷ്ണേട്ടാ. അത് സാരല്ല്യ. നമുക്ക് വേഗം പോകാം." ഒരാശ്വാസത്തോടെ അയാള്‍ വണ്ടിയെടുത്തു. പിന്നെന്തോ ഓര്‍ത്ത് പറഞ്ഞു. "ഓ.. ആ കുട്ട്യോള്‍ക്ക് ഒന്നും വാങ്ങിയില്ലല്ലോ!! ഞാനത് വിട്ടു!"
ഉടനടി ശ്രദ്ധയുടെ മറുപടിയും വന്നു. "അതൊക്കെ ന്റൈലുണ്ട്  വിഷ്ണേട്ട. ന്നെ ഒന്നുവേഗം അവിടെയെത്തിച്ചാമതി!"   അപ്പോഴാണ്‌ അയാള്‍ക്കാ പേക്കെറ്റിനെക്കുറിച്ച്  മനസ്സിലായത്‌തന്നെ! കൃതാര്‍ത്ഥമായി അയാളൊന്നു ചിരിച്ചു. അവളത് കണ്ടില്ലാന്നു നടിച്ചു. എന്നാലും ഇവളതൊക്കെ എങ്ങനെ മനസ്സിലാക്കി എന്ന് ചിന്തിക്കാതിരുന്നില്ല അയാള്‍ .

 അവരവിടെ എത്തിയപ്പോഴേക്കും നാട്ടുകാര്‍ രണ്ടുപേര്‍ ആ വീട്ടിലുണ്ടായിരുന്നു. മുഖം നിറയെ പുഞ്ചിരിയുമായി അവരാണ് വിഷ്ണുനേം കുടുംബത്തേം വരവേറ്റത്. വീല്‍ചെയര്‍ ഉരുട്ടി സുശോഭ് പുറത്തേക്കു വന്നത് കണ്ടപ്പോ അയാളുടെ മുഖം തെളിഞ്ഞു! പിന്നാലെ കീര്‍ത്തനയും. അപ്പോഴും അനിയന്‍ കുട്ടി അവളുടെ ഒക്കത്തന്നെ.  അപ്പോഴേക്കും ശ്രദ്ധ, താന്‍ കൊണ്ടുവന്ന പാക്കെറ്റൊക്കെ പൊളിച്ചു പുതിയ കുപ്പായങ്ങള്‍ പുറത്തേക്കെടുത്തു. ചിരപരിചയംപോലെ മാളു കീര്‍ത്തനയുടെ കൈപിടിച്ചു, പിന്നെ ഒക്കത്തിരുന്ന അവന്റെ മുഖത്തൊന്ന് തട്ടി. നാണത്തില്‍ കലര്‍ന്ന ഒരു പാല്‍ പുഞ്ചിരി തെളിഞ്ഞു ആ കുഞ്ഞില്‍ ! അകത്തു കടന്നപ്പോഴന്നെ ഒരു ശുചിത്വം അനുഭവപ്പെട്ടു അയാള്‍ക്ക്‌. ‌ പിന്നെയാണ് സുമയെ ശ്രദ്ധിച്ചത്. എല്ലാം വൃത്തിയായിട്ടുണ്ട്. അയാള്‍ ചിന്തിച്ചു. അപ്പോഴേക്കും സുമ കൈകൂപ്പി കണ്ണീരോടെ പറഞ്ഞു
"കുട്ട്യേ..നന്ദിയുണ്ട്. പറഞ്ഞാല്‍ തീരില്ല്യ ഒന്നും! നാളെ എന്നെക്കൊണ്ടുപോകാന്‍ ഡോക്ടര്‍ ആളെ അയക്കുംന്നാ പറഞ്ഞിരിക്കുന്നെ. എല്ലാം കുട്ടീടെ കാരുണ്യം."
"ഏയ്‌ ഒന്നും എന്റേതല്ല അമ്മെ. നന്ദി പറയണ്ടത് ഈശ്വരനോട്! ഈശ്വരനോട് മാത്രം! ഞാന്‍ വെറുമൊരു നിമിത്തായീന്നു മാത്രം.  ഈ ഉദ്യമം ന്നെ ഏല്‍പിച്ച ഈശ്വരന് ഞാനും നന്ദി പറേണു." തൊഴുകയ്യോടെ അത്രേം പറഞ്ഞു അയാള്‍. അയാള്‍ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അജ്മലും ആ സംഘടനയും എല്ലാം പറഞ്ഞപോലെ, ഭംഗിയായി ചെയ്തിരിക്കുന്നു. അജ്മലിനൊരു നന്ദി പറേണം അയാള്‍ വിചാരിച്ചു. പുറത്തിറങ്ങി ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങിയപ്പോഴുണ്ട് മുറ്റത്തൊരു വണ്ടി വന്നു നില്‍ക്കുന്നു. നിറചിരിയോടെ അജ്മലും സുറുമിയും ഇറങ്ങി. കൂടെ കുറച്ച് സഹായികളും. വന്ന ഉടനെ അവര്‍ പാചകത്തിന് കൊണ്ടുവന്ന സാധനങ്ങളും മറ്റും പുറത്തേക്കെടുത്തു. 
"നീയൊരു ടീമായിട്ടാണല്ലോഡാ വന്നിരിക്കുന്നെ!  എനിയ്ക്ക് ഇത് ഭയങ്കര സര്‍പ്രൈസ് ആയിട്ടോ." വിഷ്ണു ആശ്ചര്യത്തോടെ പറഞ്ഞു. അജ്മല്‍ ചിരിച്ചോണ്ട് പറഞ്ഞു "ഹഹ പിന്നില്ലാതെ! നിന്റെ പ്രിയതമയും ഞങ്ങളും കൂടി ഒപ്പിച്ചതല്ലേ നിനക്കുള്ള ഈ ഓണസമ്മാനം! എക്കാലത്തെം നമ്മുടെ സുകൃതാവട്ടെ ഈ ഓണനാള്‍ ! അല്ലേഡാ?" ആ സുഹൃത്തുക്കള്‍ പരസ്പരം ആശ്ലേഷിച്ചു. പിന്നെ അവര്‍ നാലുപേരുംകൂടി പാര്‍വതിയുടെ കുഴിമാടത്തിലേക്ക് പോയി. ആ പൂക്കള്‍ അവിടെ സമര്‍പ്പിച്ചു കുറച്ചുനേരം മൌനമായി. ആരൊക്കെയോ വിതുമ്പുന്നുണ്ടായിരുന്നു.        
അവിടെ അവരെ തഴുകുവാനായി വളരെ മൃദുവായ ഒരു കുളിര്‍കാറ്റുമുണ്ടായിരുന്നു ! ആ സമയം എങ്ങുനിന്നോ ഒരു തുമ്പപ്പൂവും ആ കുഴിമാടത്തിനുമേല്‍ പാറിവീണു!