***************
ഓര്‍മ്മയില്ലേ കണ്ണാ പോയകാലം..നമ്മളൊന്നായിരുന്നരാ ബാല്യകാലം!
ഇന്നുമിരിപ്പൂ ഞാനിങ്ങു നിന്‍
ഓര്‍മ്മതന്‍ നന്ദനപൂവാടിയില്‍ !
അന്നാ.. കാളിന്ദീതീരേ
ഗോപാലകനായി നീ വന്നനേരം,
നിന്‍ മുരളി ശ്രവിച്ചനേരം,
മറ്റൊരു പൈക്കിടാവായി..
ഞാനങ്ങു ഓടിയണഞ്ഞതും
നീ മറന്നോ!
ഹരികാംഭോജിരാഗത്തിന്നീരടി മൂളി
നീയെന്നെ നോക്കിയപ്പോള്‍..
ആ ദിവ്യനാദത്തിന്‍
ധന്യ മുഹൂര്‍ത്തത്തില്‍
എന്നെ മറന്നു ഞാന്‍ ആടിയില്ലേ!
'രാധേ... നിന്‍ നടനം എത്രയോ ചിത്രം'
മോഹിതനായിയന്നങ്ങു വാഴ്ത്തിയല്ലോ!
മറ്റാരും കാണാതെ..
പൌര്‍ണ്ണമീ രാവില്‍
ഗന്ധമാദനത്തില്‍ പോയതോര്‍മയില്ലേ?
അന്നു മധുരയ്ക്ക് പോകുന്ന നാളിലൊരു
മധുവൂറും മാമ്പഴം ഞാന്‍ തന്നതില്ലേ!
വരമൊന്ന് നല്‍കുവാനന്നു നീ തുടിച്ചപ്പോള്‍..
വരമൊന്നും വേണ്ട നീയെന്നരികെയില്ലെങ്കിലെ-
ന്ന് മൊഴിഞ്ഞു ഞാന്‍ വിതുമ്പിയപ്പോള്‍..
എന്‍ മിഴികള്‍ തുടച്ചു നീ..
നിനയ്ക്കുന്ന നേരമെന്നരികെ വരാമെന്ന്
ചൊന്നതും മറന്നുപോയോ..?
ജന്മങ്ങളെത്രയോ നോമ്പെടുത്തില്ലേ ഞാന്‍!
എന്തിനു പിന്നെയും രാധയാക്കി!
എന്‍ നിനവുകള്‍
എത്രയോ യുഗങ്ങളായെന്നതു
എന്തേ കണ്ണാ.. നീയറിഞ്ഞില്ല!
ആ വരമിന്നേകുവാന്‍ കനിവുണ്ടാകുമോ കണ്ണാ..
ചൊല്ലിടാം ഞാനെന്‍ ചപല മോഹം..
നിന്‍പദതാരിണ പതിയുമാ വൃന്ദാവനത്തിലെ
ശിലകളിലൊന്നായി എന്നെ തീര്‍ത്തിടാമോ??
കൃഷ്ണാ....
കല്ലായി മാറ്റണേ മമ മാനസം!
-------------------------------
(ആദ്യത്തെ കവിതാ ആശയം. എനിയ്ക്കന്നു പതിനാറോ പതിനേഴോ വയസ്സ് കാണും. ഉടലെടുത്ത വര്‍ഷം കൃത്യമായി ഓര്‍മയില്ല. പക്ഷെ ഈ രീതിയില്‍ എഴുതുന്നത് ഒരു വര്‍ഷം മുന്നേ മാത്രം. )

No comments:
Post a Comment